
അരൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമുള്ള ആളില്ലാത്ത ലെവല്‍ ക്രോസ് മുറിച്ചു കടക്കവെ കാറില്‍ ട്രെയിനിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഹാപ്പ- തിരുനെല്‍വേലി എക്സ് പ്രസ്സാണ് (ട്രെയിന്‍ നമ്പര്‍ 12998) കാറിലിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കെ.എല്‍ 32 സി 276 ഇന്‍ഡിക്കാ കാറാണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ നൂറുമീറ്റര്‍ അകലേക്ക് തെറിച്ചുവീണു. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരു കുട്ടിയുള്‍പ്പടെ രണ്ടുപേര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കുമാണ് മരിച്ചത്.
കാറുടമയും അരൂര്‍ സ്വദേശിയുമായ കളത്തില്‍ സുമേഷ് (23), തൃക്കുന്നപ്പുഴ സ്വദേശി കാര്ത്തികേയന് (70), പെരുമ്പളം സ്വദേശി നാരായണന് (65), പൂച്ചാക്കല്‍ സ്വദേശി ചെല്ലപ്പന്, ചേര്‍ത്തല സ്വദേശി നെയ്ത്തുപുരയ്ക്കല്‍ വിന്‍സന്റിന്റെ മകന് നെല്‍ഫിന്‍ (3) എന്നിവരാണ് മരിച്ചത്. വെകിട്ട് 2.45-നാണ് കളത്തില്‍ ക്ഷേത്രത്തിന് സമീപത്തു വെച്ച് നാടിനെ നടുക്കിയ അപകടമുണ്ടായത്. കാറിനുള്ളിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മൃതദേഹങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ കാറില്‍ നിന്ന് പുറത്തെടുത്ത് തൊട്ടടുത്തുള്ള ലേക്ഷോര് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
