
മട്ടന്നൂര്‍: ഹോട്ടലുകളില്‍ ഊണിനും പലഹാരങ്ങള്‍ക്കും വില കുത്തനെ ഉയര്‍ത്തി. മട്ടന്നൂരിലെ മുഴുവന്‍ ഹോട്ടലുകളിലും 20 രൂപയുള്ള ചോറിന് 25 രൂപയും 25 രൂപയുള്ള പച്ചരി ചോറിന് 30 രൂപയുമായി വില വര്‍ധിപ്പിച്ചു. പലയിടത്തും ഈ വര്‍ധന ഏകീകൃതവുമല്ല. ആറുരൂപ ഈടാക്കിയിരുന്ന പലഹാരങ്ങള്‍ക്ക് ഏഴുരൂപയും ചിലയിടങ്ങളില്‍ എട്ടുരൂപയുമാണ് ഈടാക്കുന്നത്.
ചായയ്ക്ക് ആറുരൂപയും കാപ്പിക്ക് എട്ടുരൂപയുമാക്കി. ബ്രൂകോഫിക്ക് 10 രൂപ. ഡീസല്‍വില വര്‍ദ്ധിക്കുമെന്ന പ്രഖ്യാപനത്തെ മറയാക്കിയാണ് ഹോട്ടലുടമകള്‍ വില കൂട്ടിയത്. വെള്ളിയാഴ്ചയാണ് വില പ്രാബല്യത്തില്‍ വന്നത്.
കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ജില്ലയിലെ വിലനിലവാര നിയന്ത്രണം ഏകോപിപ്പിക്കുന്നത്. വില കൂട്ടാനിരിക്കെ അത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തു മാത്രമേ നടപ്പാക്കാവൂ എന്നിരിക്കെയാണ് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ അന്യായമായി വില വര്‍ധിപ്പിച്ചതെന്ന് നാട്ടുകാരും യുവജന സംഘടനകളും ആരോപണമുയര്‍ത്തിയിരിക്കുന്നത്.
അതേസമയം വിലവര്‍ദ്ധന ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് യൂത്ത് കോണ്‍ഗ്രസ്സും സി.എം.പി.യുടെ യുവജന സംഘടനയായ കെ.എസ്.വൈ.എഫും എ.ഐ.വൈ.എഫും പ്രഖ്യാപിച്ചു.
അതിനിടെ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും വില നിശ്ചയിച്ചത് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണെന്നും യൂനിറ്റ് പ്രസിഡന്റ് വൃന്ദാ ഹോട്ടലുടമ വി.ബാലനും സെക്രട്ടറി തൗഫീഖ് അബ്ദുള്കാദറും അറിയിച്ചു.
